Headlines

വണ്ടി നിർത്തണം, ഫോൺ ഇറങ്ങാനുണ്ട്: ഫോൺ, ബസിന്റെ ബോഡിക്കിടയിൽ വീണു; ബോഡി അഴിച്ച് പുറത്തെടുത്തു

 

പാലാ ∙ പാതിരാത്രിയിൽ പാലാ ഡിപ്പോയിൽ ഒരു ‘ഫോൺ റെസ്ക്യൂ ഓപ്പറേഷൻ’. കെഎസ്ആർടിസി ബസിനകത്തു പെട്ട മൊബൈൽ ഒടുവിൽ പുറത്തെടുത്തു. കോഴിക്കോട്ടുനിന്ന് പാലായിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ പുലർച്ചെ ഒന്നരോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് മൂവാറ്റുപുഴയിലേക്കു യാത്ര ചെയ്ത മെഡിക്കൽ വിദ്യാർഥികളുടെ 10 അംഗസംഘത്തിൽ ഒരാളുടെ ഫോൺ ആണ് താഴെ വീണ് ബസിന്റെ ബോഡിയുടെ പൊട്ടിയ വിടവിലേക്കു വീണത്. ഒടുവിൽ പാലാ ഡിപ്പോയിലെ മെക്കാനിക് വിഭാഗം, ബസിന്റെ ബോഡിയുടെ തകിട് അഴിച്ച് മൊബൈൽ ഫോൺ പുറത്തെടുത്തു.വൈകിട്ട് 4.30ന് കോഴിക്കോട്ടുനിന്നു തിരിച്ച ബസ് കുന്നംകുളത്ത് എത്തിയപ്പോഴാണ് വിദ്യാർഥിയുടെ ഫോൺ നഷ്ടപ്പെട്ടത്. തൃശൂർ എത്തിയപ്പോൾ വിളിക്കുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തതോടെ ബസിന്റെ ഉള്ളിൽ ഉണ്ടെന്നു മനസ്സിലായി. ബസ് മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഫോൺ നഷ്ടപ്പെട്ട വിദ്യാർഥി ഒഴിച്ചുള്ളവർ ഇറങ്ങി. പുലർച്ചെ 1.30നോടെ പാലാ ഡിപ്പോയിൽ എത്തിയ ശേഷം ഡിപ്പോയിലെ മെക്കാനിക് വിഭാഗം ബോഡിയുടെ തകിട് അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ഫോൺ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഫോൺ എടുത്തതെന്നു കണ്ടക്ടർ വികാസ് ചന്ദ്രൻ, ഡ്രൈവർ സി.ടി. സുകുമാരൻ എന്നിവർ പറഞ്ഞു. ഡിപ്പോയിലെ മെക്കാനിക് വിഭാഗം തലവൻ സുധീറിന്റെ നിർദേശാനുസരണം സുരേഷ് കുമാർ, ഷോബിൻ, അനിൽ എന്നിവരാണ് ഫോൺ എടുത്തത്.