ചെന്നൈ∙ ഡിഎംകെയുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ച് ഭരണകക്ഷിയായ ടിവികെയ്ക്ക് കൈകൊടുത്ത് മുസ്‍ലിം ലീഗ്. വെള്ളിയാഴ്ച നടന്ന ഐയുഎംഎൽ സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 481 അംഗങ്ങൾ പങ്കെടുത്ത ജനറൽ കൗൺസിലിൽ 14 പ്രമേയങ്ങൾ പാസാക്കി. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രധാനപ്പെട്ട പ്രമേയങ്ങളിൽ ഒന്നായിരുന്നെന്ന് ഐയുഎംഎൽ ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ പറഞ്ഞു.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഡിഎംകെ സഖ്യവുമായുള്ള ബന്ധം തുടരുന്നത് സാധ്യമല്ലെന്ന് പറഞ്ഞ ഖാദർ മൊയ്തീൻ ടിവികെ സർക്കാരിന് പിന്തുണ നൽകുന്നതായും സർക്കാരിന്റെ ഭാഗമാകുകയും ചെയ്യുന്നതായി യോഗത്തി വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രമേ സഖ്യം സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളുവന്ന് ഐയുഎംഎൽ യോഗം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.59 വർഷത്തിലേറെയായി ഐയുഎംഎൽ ഡിഎംകെയുടെ ഭാഗമായിരുന്നു. ഡിഎംകെയുടെ കീഴിൽ തദ്ദേശ സ്വയംഭരണ, നിയമസഭാ, പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ദ്രാവിഡ മോഡൽ സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകുകയും സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാൻ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും വിജയ് ചരിത്രം കുറിച്ചെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.








