മുസ്ലീം ലീഗിന് ഇത്തവണ കൂടുതൽ സീറ്റുകൾ വേണം, അതിനുള്ള അർഹതയുണ്ട്: കെ എൻ എ ഖാദർ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന് കെഎൻഎ ഖാദർ എംഎൽഎ. ലീഗിന് അതിനുള്ള അർഹതയുണ്ട്. ഇത്തവണ യുഡിഎഫിന് വളരെയേറെ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ്. മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും കെ എൻ എ ഖാദർ പറഞ്ഞു

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങരയിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാണോയെന്ന ചോദ്യത്തിന് ആർക്കും സ്ഥിരമായി ഒരു സീറ്റ് ഇല്ലല്ലോയെന്നും പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും കെ എൻ എ ഖാദർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരുന്നത് ഏറെ ഗുണം ചെയ്യും

വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കുകയെന്നത് പരിഗണനയിലുള്ള വിഷയമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മിക്കവാറും കോഴിക്കോട് ജില്ലയിലാകും വനിതാ സ്ഥാനാർഥിയുണ്ടാകുക. മുതിർന്ന വനിതാ നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത.ഒരുപാട് സീറ്റുകളിൽ മത്സരിച്ച് തോൽക്കുന്ന ശീലം ലീഗിനില്ല. പരമാവധി സീറ്റുകൾ വേണ്ടതാണ്. സീറ്റുകൾ പരസ്പരം വെച്ചുമാറുകയാണെങ്കിൽ ഇരുകക്ഷികളുടെയും സമ്മതത്തോടെ മാത്രമേ നടക്കൂവെന്നും കെ എൻ എ ഖാദർ പറഞ്ഞു.