പത്തനംതിട്ട ∙ വിഎസ് പക്ഷമായിരുന്ന ജില്ലയെ പിണറായി പക്ഷത്തേക്കു നയിച്ച എ.പത്മകുമാർ നേതൃത്വത്തിന് എന്നും പ്രിയപ്പെട്ട പപ്പനായിരുന്നു. എ.പത്മകുമാർ ആലപ്പുഴ എസ്ഡി കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് എസ്എഫ്ഐയിൽ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ചങ്ങനാശേരി കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോൾ തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തനം. ആ സമയത്താണ് പത്തനംതിട്ട ജില്ല രൂപീകരിക്കുന്നത്. ജില്ല രൂപീകൃതമായതിന്റെ അടുത്ത വർഷം മുതൽ ജില്ലാ കമ്മിറ്റിയംഗമാണ്. തുടർച്ചയായി 42 വർഷം. ഇതിൽ കഴിഞ്ഞ സമ്മേളനം വരെ 32 വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു33–ാം വയസ്സിൽ, 1991ൽ കോന്നി എംഎൽഎയായി. സഹകരണ ഗാരന്റി ബോർഡ് വൈസ് ചെയർമാൻ, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1996 ൽ കോന്നിയിലും 2001 ൽ ആറന്മുളയിലും തോറ്റു. ആറന്മുള നാൽക്കാലിക്കൽ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരിക്കെ, അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ കാർഷിക വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തെന്ന കേസിൽ അകപ്പെട്ടു. പിന്നീടു വന്ന ഇടതുസർക്കാരിന്റെ കാലത്ത് കേസിൽനിന്ന് ഒഴിവാക്കപ്പെട്ടു.സിപിഎമ്മിൽ വിഭാഗീയത തലപൊക്കിയപ്പോൾ ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും വിഎസിന് ഒപ്പം നിന്നു. അന്നു ജില്ലയിൽ പിണറായി പക്ഷത്തുള്ള പ്രധാന നേതാവായിരുന്നു പത്മകുമാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018ലാണു പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. സർക്കാർ മുൻകൈ എടുത്ത് ശബരിമലയിൽ യുവതീപ്രവേശം നടപ്പാക്കിയപ്പോൾ പത്മകുമാറിന്റെ ഭിന്നനിലപാട് പാർട്ടിക്കു തലവേദനയായി. തന്റെ കുടുംബത്തിലെ സ്ത്രീകളാരും ശബരിമല കയറില്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചു കൊല്ലം പാർട്ടി സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി.പാർട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നു പ്രഖ്യാപിച്ചതും പാർട്ടിക്ക് അതൃപ്തി ഉണ്ടാക്കി. പാർട്ടി പ്രവർത്തകയല്ലാതിരുന്ന വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തതിൽ പത്മകുമാറിന് അതൃപ്തിയുണ്ടായിരുന്നു. ഇതെത്തുടർന്ന് പത്മകുമാർ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. പരസ്യപ്രതികരണത്തിൽ തെറ്റുപറ്റിയെന്നും അതു ബോധ്യപ്പെട്ടപ്പോൾ തിരുത്തിയെന്നും പിന്നീടു നിലപാടു മയപ്പെടുത്തിയെങ്കിലും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ പത്മകുമാറിനെ ഒഴിവാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പത്മകുമാറും മറ്റൊരു ജില്ലാ നേതാവും കയ്യാങ്കളിയിലേർപ്പെട്ടതും വിവാദമായിരുന്നു.പാർട്ടിക്കു വിധേയമായി നിൽക്കുമ്പോഴും അഭിപ്രായം തുറന്നു പറയാൻ പത്മകുമാർ മടിച്ചിരുന്നില്ല. പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും അറിയാതെ ഒരു കാര്യവും ശബരിമലയിൽ ചെയ്തിട്ടില്ലെന്നാണ് പത്മകുമാർ പലപ്പോഴും പറഞ്ഞിട്ടുള്ളത്.







