നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ആശ്വാസം. നിലവില്‍ ജാമ്യമില്ലാ കുറ്റങ്ങളില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്ന് കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി. കേസില്‍ പരാതിക്കാര്‍ക്ക് കക്ഷി ചേരാനും അനുമതിയുണ്ട്.സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. എസ്ഐടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകളില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്നും കോടതി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്ഷന് നടപടിയുണ്ടായി. ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
നീക്കത്തില്‍ സന്തോഷമെന്ന് അന്ന് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എ ഡി തോമസ് പ്രതികരിച്ചു. പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാതിരുന്ന ഒരു പോലീസ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ലോകോത്തോട് മുഴുവന്‍ കള്ളം പറഞ്ഞ ഒരു മുഖ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്.
മുന്‍ മുഖ്യമന്ത്രിയാണ് പിന്നീട് കലാപാഹ്വാനം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. വരും ദിവസങ്ങളില്‍ തിരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരും – അദ്ദേഹം പറഞ്ഞു.






