എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചർച്ച. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും. ഉന്നതിയിൽ ഉള്ളവരുമായും പരാതിക്കാരുമായും സംസാരിക്കും.നാളെ വൈകിട്ടോടുകൂടി മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്. നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ പൊലീസ് സംഘവുമായി എത്താനാണ് സാധ്യത. ഈ സമയത്താണ് സർക്കാരിന്റെ നിർണായക ഇടപെടൽ. കുടുംബങ്ങളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.പുതിയ സർക്കാർ അധികാരമേറ്റത്തിന് തൊട്ടു പുറകെയുള്ള വെല്ലുവിളിയാണ് കുന്നത്ത്നാട് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ പ്രശ്നം എങ്ങനെ രമ്യമായി പരിഹരിക്കും എന്നത്.കോടതിയിൽ സാവകാശം തേടാനും സാധ്യതയുണ്ട് . അതിനിടെ പ്രദേശത്ത് സമരം കടുപ്പിക്കുകയാണ് സിപിഐഎം. രണ്ടേക്കർ 65 സെന്റ് ഭൂമിയിലാണ് തർക്കം നിലനിൽക്കുന്നത്. ഒരു കാരണവശാലും ഒഴിയില്ലെന്നാണ് കുടുംബങ്ങൾ വ്യക്തമാക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയെ നിലവിലെ സംഘർഷ സാഹചര്യം ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമം.
2022 ലാണ് 19 ഏക്കറിയിൽ വരുന്ന രണ്ട് ഏക്കർ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതും, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാലങ്ങളായി നീങ്ങുന്ന അതിനോടൊപ്പം, വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മുന്നോട്ടുള്ള ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.







