Headlines

തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചർച്ച നടന്നേക്കും.

നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കം നടക്കുന്നത്. ഇത് തുടർന്നാണ് മന്ത്രിസഭ യോഗം വൈകുന്നേരത്തേക്ക് മാറ്റിയത്. പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് തയാറാക്കും. ഈ റിപ്പോർട്ട് ജനുവരിയോടെ സമർപ്പിക്കാമെന്ന നിർദേശമാണ് സിപിഐഎം മുന്നോട്ടുവെക്കുന്നത്. എന്നാൽ കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ് ഇതെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് വരുന്നത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് സിപിഐയുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ സിപിഐഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതേസമയം സിപിഐ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയാണ്. സിപിഎം മുന്നോട്ടുവച്ച പുതിയ സമവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ‌ഓൺലൈനായിട്ടാണ് യോഗം നടക്കുന്നത്.