കഴിഞ്ഞ ദിവസം റോം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോഫി നയതന്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവം ഇങ്ങനെ. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലണിക്ക് മോദി സമ്മാനിച്ചത് ഒരു പാക്കറ്റ് മെലഡി ചോക്ലേറ്റ്. മെലഡി ഇത്നി ചോക്ലേറ്റി ക്യോം? എന്ന ചോദ്യത്തോടെ ശ്രദ്ധേയമായ ബ്രാന്‍ഡ് ആണിത്. നാളുകളായി ഊഷ്മള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുനേതാക്കളും. മെലണി-മോദി സൗഹൃദം മെലഡി ഹാഷ്ടാഗിലാണ് അറിയപ്പെടുന്നത്. അങ്ങനെ ജോര്‍ജിയ മെലണി പങ്കുവച്ച ആ പൂക്കി-ക്യൂട്ട് വിഡിയോ വൈറലായി. പിന്നീട് മെലഡി ചോക്ലേറ്റിന്റെ പിന്നാലെയായി നെറ്റിസണ്‍സ്. ഗൂഗിളില്‍ സേര്ച്ചോട് സേര്‍ച്ച്. അങ്ങനെ പാര്‍ലെയാണ് മെലഡിയുടെ നിര്‍മാതാക്കളെന്ന് കണ്ടെത്തിയതും അവരിലെ നിക്ഷേപകര്‍ ഉണര്‍ന്നു. ചാടിക്കേറി BSEയില്‍ കണ്ട പാര്‍ലെ ഇന്ഡസ്ട്രീസില് നിക്ഷേപവും നടത്തി. അങ്ങനെ ഇരുന്നിരുപ്പില്‍ വെറുമൊരു പെന്നി സ്റ്റോക്കായിരുന്ന പാര്‍ലെ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റോക്കറ്റ് പോലെ കുതിച്ചു. (Parle Industries shares up)എന്നാല്‍ ഈ പാര്‍ലെ ഇന്‍ഡസ്ട്രീസിന് മെലഡി നിര്‍മിക്കുന്ന പാര്‍ലെ ജി കമ്പനിയുമായി ഒരു ബന്ധവുമില്ല. പാര്‍ലെ ഇന്‍ഡസ്ട്രീസ് പാര്‍ലെ-ബിസ്ലേരി ഗ്രൂപ്പിന്റെ ഭാഗമാണ്. ഇന്‍ഫ്രാ, റിയല്‍ എസ്റ്റേറ്റ്, പേപ്പര്‍ വേസ്റ്റ് റീസൈക്ലിങ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
മെലഡിയും മൊണോക്കോയും ഹൈഡ് ആന്‍ഡ് സീക്കുമൊക്കെ നിര്‍മിക്കുന്ന നിര്‍മിക്കുന്ന പാര്‍ലെ-ജി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുമില്ല. എന്തായാലും കോളടിച്ചത് പാര്‍ലെ ഇന്‍ഡസ്ട്രീസിനാണ്. രണ്ടാം ദിവസവും കമ്പനി മാറി നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയതോടെ വ്യാപാരാരംഭത്തില്‍ ഇന്നും അഞ്ച് ശതമാനം നേട്ടത്തിലാണ് ഓഹരികള്‍.
ഇനി കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞ് നിക്ഷേപകര്‍ ഓഹരി കൂട്ടത്തോടെ വിറ്റഴിച്ചാലെന്താകും എന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക ലോകം.








