കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കശാപ്പ് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായി ബംഗാളില്‍ നിന്നുള്ള ചില വീഡിയോകള്‍. ഹിന്ദു കന്നുകാലി വില്‍പ്പനക്കാരെ തടഞ്ഞുനിര്‍ത്തുന്ന മുസ്ലിം യുവാക്കളുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നതില്‍ ഒന്ന്. പശുക്കളുമായി ഇവരെ വീട്ടിലേക്ക് തിരിച്ചയക്കുന്നതും കാണാം. ‘നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ അമ്മയെ വില്‍ക്കാന്‍ ശ്രമിക്കുന്നത്? തിരികെ വീട്ടിലെത്തിച്ച് സംരക്ഷിക്കൂ. പശുക്കളെ വിറ്റ് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. പക്ഷെ, ഞങ്ങള്‍ ജയിലിലാകും’, എന്നാണ് വീഡിയോയില്‍ പറയുന്നത്. കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തി ഡൈവറെ ചോദ്യം ചെയ്യുന്നതാണ് വൈറലാകുന്ന മറ്റൊരു വീഡിയോ. ‘നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ അമ്മയെ ഇത്തരത്തില്‍ കെട്ടിയിട്ട് മനുഷ്യത്വ രഹിതമായി കടത്തുന്നത്. പകരം ബഹുമാനത്തോടെ നടത്തിക്കൂ എന്നാണ് വീഡിയോയിലുള്ളത്.
ഈ ബക്രീദിന് പശുക്കളെ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് നിരവധി മുസ്ലിം ഇന്‍ഫ്‌ളുവന്‍സര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. കന്നുകാലി ചന്തകളില്‍ നിന്ന് ഒരു വരുമാനവുമില്ലാതെ വീട്ടിലേക്ക് മടങ്ങുന്ന ഹിന്ദു കന്നുകാലി വളര്‍ത്തുകാരുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്കണ്ഠയോടെയും നിരാശയോടെയുമാണ് പലരും മടങ്ങുന്നത്.
സംഭവത്തില്‍ പുതുതായി തെരഞ്ഞെടുത്ത സുവേന്ദു അധികാരി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഇതിനകം നിരവധി പേര്‍ രംഗത്തെത്തി. കാര്‍ഡ് ഗെയ്മിലെ യുഎന്‍ഒ റിവേഴ്‌സ് എന്നാണ് ചില ജെന്‍സി നെറ്റിസണ്‍സ് ഇതിനെ പരിഹസിച്ചത്. കശാപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നിലവിലെ ‘പശു പ്രതിസന്ധി’ ഉടലെടുത്തിരിക്കുന്നത്.1950ലെ സംസ്ഥാന മൃഗ കശാപ്പ് നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കുമെന്നായിരുന്നു അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ നടപടികളിലൊന്നായി ബംഗാളിലെ ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇത് പ്രകാരം 14 വയസ്സും അതില്‍ കൂടുതലുമുള്ള ഒരു മൃഗത്തെ മാത്രമേ നിയമപരമായി കശാപ്പ് ചെയ്യാന്‍ കഴിയൂ. മൃഗത്തിന് മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്ത് സമിതിയുടെയോ തലവനും സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനും നല്‍കുന്ന സംയുക്ത സര്‍ട്ടിഫിക്കറ്റ് ‘കശാപ്പിന് അനുയോജ്യം’ എന്ന് പ്രഖ്യാപിക്കുകയും വേണം.
നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും മൃഗത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്നതിനോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ ഒരു സംവിധാനവും നിലവില്‍ ഇല്ലെന്നതാണ് ബംഗാളിലെ സാഹചര്യം. ഗോമാംസം കഴിക്കാനും അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അനുവാദമുള്ള രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍.






