അനുവാദമില്ലാതെ ചില ഐഎഎസ് ഉദ്യോഗസ്ഥർ വേദിയിൽ; സത്യപ്രതിജ്ഞ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം, പൊലീസ് റിപ്പോർട്ട്

 

തിരുവനന്തപുരം ∙ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പ്രോട്ടോക്കോളും സുരക്ഷാ നിർദേശങ്ങളും ലംഘിച്ചതായി പൊലീസ് റിപ്പോർട്ട്. ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണറോടു ഡിജിപി റിപ്പോർട്ട് തേടി. സ്പെഷൽ ബ്രാഞ്ച് മേധാവിയും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞ നടന്ന വേദിയിൽ അനുവാദമില്ലാതെ കയറിയവരുടെ ഫോട്ടോ, വിഡിയോകൾ തുടങ്ങിയവ ശേഖരിച്ചു റിപ്പോർട്ട് നൽകാനാണു സ്പെഷൽ ബ്രാഞ്ച് മേധാവിയുടെ നിർദേശം. ചട്ടം പാലിക്കേണ്ടവർ തന്നെ ലംഘിച്ചതായാണു പൊലീസിന്റെ വാദം. വേദിയിലേക്കു കയറുന്നതു വിലക്കിയ പൊലീസുകാർക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തട്ടിക്കയറിയെന്നും ആക്ഷേപമുണ്ട്. വിലക്ക് ലംഘിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാമെങ്കിലും ആഭ്യന്തര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിർദേശം അനുസരിച്ചായിരിക്കും തുടർ നടപടി.രാഹുൽ ഗാന്ധി ഉൾപ്പെടെ 8 പേർക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്. ലോക്‌ഭവൻ നൽകിയ ലിസ്റ്റിലുള്ളവർക്കു മാത്രമായിരുന്നു വേദിയിൽ നിൽക്കാൻ അനുവാദം. ഇതു ലംഘിച്ചാണ് അനുവാദമില്ലാതെ ചില ഐഎഎസ് ഉദ്യോഗസ്ഥർ വേദിയിൽ സ്ഥാനം പിടിച്ചത്. കൂടാതെ, അണ്ടർ സെക്രട്ടറിമാർ, ഡപ്യൂട്ടി സെക്രട്ടറിമാർ എന്നിവരും അനുവാദമില്ലാതെ വേദിയിൽ നിന്നുവെന്നും പൊലീസ് പറയുന്നു.എംഎൽഎമാർ ഉൾപ്പെടെ ജനപ്രതിനിധികൾക്കൊപ്പം എത്തിയ പ്രവർത്തകർ കാരണം വേദിയുടെ മുന്നിലെ അതിസുരക്ഷാ സോണിലും തിരക്കുണ്ടായി. ഇതുകാരണം വിവിഐപികൾ ഉൾപ്പെടെയുള്ളവർക്ക് വേദിയിലേക്ക് ഒരുക്കിയ യഥാർഥ വഴി ഉപയോഗിക്കാൻ കഴിയാതെ പിന്നിൽ സജ്ജമാക്കിയ ഗ്രീൻ റൂമിന് അരികിലെ വഴിയിലൂടെ വേദിയിലേക്കു കയറേണ്ടി വന്നുവെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.