Headlines

ആട്ടവും പാട്ടുമായി സതീശന്റെ സുഹൃത്തുക്കൾ; സത്യപ്രതിജ്ഞ കാണാൻ‌ തിരുവനന്തപുരത്ത്

 

തിരുവനന്തപുരം ∙ ‘‘പ്രിയപ്പെട്ട വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ടി.വിയിൽ കണ്ടിരിക്കാൻ പറ്റില്ല. അവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ ‍ഞങ്ങൾക്കൊക്കെ തോന്നും. പിന്നെ ഒന്നും നോക്കിയില്ല. ഏറ്റവും പ്രിയപ്പെട്ടവൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വണ്ടി പിടിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് കരുതി’’ – നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറ്റ സുഹൃത്തും സഹപാഠിയുമായിരുന്ന രഞ്ജിത്ത് തമ്പി പറയുന്നു. കോളജ് കാലത്തെ സതീശന്റെ ആത്മ മിത്രങ്ങളെല്ലാം ഇന്നലെ ബസ്സ് പിടിച്ചാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കുടുംബത്തോടപ്പമായിരുന്നു വരവ്. അജിത്, രാജു, ടോമി, ജേജു, വേണു, ദേവദാസ് എന്നിവരും കുടുംബാംഗങ്ങളുമാണ് രഞ്ജിത്തിനൊപ്പം ഇന്നലെ തിരുവനന്തപുരത്തേക്ക് എത്തിയത്.രാവിലെ ഏഴ് മണിയ്ക്ക് കൊച്ചിയിൽ നിന്ന് തിരിച്ച ഇവർ വൈകിട്ട് മൂന്ന് മണിയോടെ തലസ്ഥാനത്തെത്തി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന്റെ ആഘോഷമായിരുന്നു ബസ്സിനുള്ളിലെന്ന് രഞ്ജിത്ത് പറഞ്ഞു. കൂട്ടുകാരും കുടുംബാംഗങ്ങളുമെല്ലാം ആട്ടവും പാട്ടുമായിട്ടായിരുന്നു യാത്ര. സതീശന്റെ ഏറ്റവും പ്രിയപ്പെട്ട വന യാത്രകളിലും ഈ സുഹൃദ് സംഘമാണ് ഒപ്പം കൂടാറുള്ളത്. സുഹൃത്തുക്കൾ തിരുവനന്തപുരത്ത് എത്തിയപ്പോൾ മന്ത്രിമാരെ തീരുമാനിക്കാനുള്ള മാരത്തോൺ ചർച്ചകളിലായിരുന്നു സതീശൻ. സതീശന്റെ വരവും കാത്ത് എല്ലാവരും കന്റോൺമെന്റ് ഹൗസിൽ തന്നെ ഇരുന്നു. തിരക്കുകളെല്ലാം കഴിഞ്ഞ് ചീഫ് സെക്രട്ടറിയേയും കണ്ട ശേഷം അർധരാത്രി അടുപ്പിച്ച് സുഹൃത്തുക്കൾക്കരികിലേക്ക് നിയുക്ത മുഖ്യമന്ത്രി ഓടിയെത്തി. പിരിമുറുക്കങ്ങൾക്കിടയിലും കൂട്ടുകാരെ കണ്ടപ്പോൾ തമാശ പൊട്ടിക്കാൻ സതീശൻ മറന്നില്ല. ഒടുവിൽ എല്ലാവരും ചേർന്നൊരു ഗ്രൂപ്പ് ഫോട്ടോ. നാളെ സത്യപ്രതിജ്ഞ പന്തലിൽ കാണാമെന്ന് സതീശൻ. ‘‘1983ൽ തേവര എസ്.എച്ച്. കോളജിൽ ബി.എ. സോഷ്യോളജിക്ക് സതീശൻ ചേർന്ന കാലം മുതൽ ഞങ്ങളെല്ലാം ഒപ്പമുണ്ട്. അന്ന് വളരെ മെലിഞ്ഞ ഒരു പയ്യനായിരുന്ന സതീശൻ. സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ അദ്ദേഹത്തിലെ വാക്കുകളുടെ തീപ്പൊരി ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.തിരഞ്ഞെടുപ്പുകാലത്ത് ക്ലാസുകളിൽ ചെന്ന് സതീശൻ ഓരോ സ്ഥാനാർഥിയെയും പരിചയപ്പെടുത്തി മനോഹരമായി പ്രസംഗിക്കുമ്പോൾത്തന്നെ ആ സ്ഥാനാർഥികൾ പാതി വിജയിച്ചുകഴിഞ്ഞിരുന്നു. പ്രസംഗ-ഡിബേറ്റ് മത്സരങ്ങളിൽ തിളങ്ങി സതീശൻ ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. മത്സരങ്ങളിൽ ജയിക്കുമ്പോൾ കിട്ടുന്ന ചെറിയ ക്യാഷ് പ്രൈസ് കൊണ്ട് സതീശൻ ‌ഞങ്ങളെയെല്ലാം ചായക്കടയിൽ കൊണ്ടുപോയി പൊറോട്ടയും മുട്ടറോസ്റ്റും വാങ്ങി നൽകുമായിരുന്നു. ഒരുപാട് മികവുകളുടെ ആൾരൂപമാണ് സതീശൻ. പഴയ കോളജ് കൂട്ടുകാരെയും ഓർമകളെയും ഇന്നും നെഞ്ചോട് ചേർക്കുന്ന അപാരമായ ഓർമശക്തി അദ്ദേഹത്തിനുണ്ട്. പുസ്തകങ്ങളോടും വായനയോടുമുള്ള അടങ്ങാത്ത ഇഷ്ടമാണ് സതീശനെ ഇത്രയും മികച്ചൊരു രാഷ്ട്രീയക്കാരനും പ്രാസംഗികനുമാക്കാൻ സഹായിച്ച പ്രധാന കാരണം’’ – സുഹൃത്തുക്കൾ പറയുന്നു.