തിരുവനന്തപുരം ∙ ഒറ്റ പദ്ധതിയെന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ നിർദിഷ്ട വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് (തിരുവനന്തപുരം ഔട്ടർ റിങ് റോഡ് – എൻഎച്ച് 866) യാഥാർഥ്യത്തിലേക്കു കടക്കുമ്പോൾ പുതുതായി അധികാരത്തിലെത്തുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് നിർണായകമാകും. ഭൂമി ഏറ്റെടുക്കലും നിർമാണച്ചെലവും ഉൾപ്പെടെ കിലോമീറ്ററിന് ഏകദേശം 200 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും സർവീസ് റോഡ് നിർമാണച്ചെലവും സംസ്ഥാന സർക്കാരാണു വഹിക്കേണ്ടത്. ഏകദേശം 2660 കോടി രൂപ സംസ്ഥാനം ഈയിനത്തിൽ കണ്ടെത്തേണ്ടി വരും.
നിർമാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടിയും മണ്ണ് ഉൾപ്പെടെയുള്ളവയുടെ റോയൽറ്റി ഫീസും ഉൾപ്പെടെ സംസ്ഥാനത്തിനു വരുമാനം ലഭിക്കേണ്ട കാര്യങ്ങൾ ഒഴിവാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ അംഗീകരിച്ച് ധാരണയിലെത്തിയെങ്കിലും പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമേ ധാരണാപത്രം ഒപ്പിടുകയുള്ളൂ. പുതിയ സർക്കാരാണ് ഇനി ധാരണാപത്രം ഒപ്പിടേണ്ടത്.
12,549 കോടി ചെലവ്
ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഏകദേശം 12549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് അപ്രൈസൽ കമ്മിറ്റി (പിപിപിഎസി) ശുപാർശ ചെയ്തതോടെ കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രമേ കടമ്പയായി മുന്നിലുള്ളൂ. നേരത്തെ വിഴിഞ്ഞം– തേക്കട, തേക്കട– നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമിക്കാനാണ് തീരുമാനം. ജിഎസ്ടി കൂടാതെ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് ഏകദേശം 6857 കോടി രൂപയാണ്. നിർമാണത്തിനു മുന്നോടിയായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഏകദേശം 1267 കോടി രൂപയാകും. ഭൂമിയേറ്റെടുക്കലിനു മാത്രം 4450 കോടി വേണ്ടി വരും. ഇതിൽ പകുതിയാണ് സംസ്ഥാനം വഹിക്കേണ്ടത്– ഏകദേശം 2225 കോടി രൂപ. സർവീസ് റോഡിന്റെ നിർമാണച്ചെലവായ ഏകദേശം 434 കോടി രൂപയും സംസ്ഥാനം വഹിക്കണം. ഇത് 5 വർഷം കൊണ്ട് ഗഡുക്കളായി നൽകിയാൽ മതിയെന്നതു മാത്രമാണ് ആശ്വാസം.
സങ്കീർണമായ നിർമാണം
സംസ്ഥാനത്തു നിർമിച്ചിട്ടുള്ളതിൽ സാങ്കേതികമായി സങ്കീർണമായ ഹൈവേ പദ്ധതികളിലൊന്നാണ് തിരുവനന്തപുരം ഔട്ടർ റിങ് റോഡ്. 30 മീറ്റർ വരെ കുന്നുകളിടിച്ച് പാത നിർമിക്കാനുള്ള ആദ്യ പദ്ധതി പരിസ്ഥിതി പ്രശ്നങ്ങളും കേരളത്തിലെ ഭൂമിശാസ്ത്ര പ്രത്യേകതകളും കാരണം അവസാനം മാറ്റുകയായിരുന്നു. മലഞ്ചെരിവുകളിലെ ജനസാന്ദ്രത കാരണം പാതയുടെ ദിശ മാറ്റുന്നതു പ്രായോഗികമല്ലാത്തതിനാൽ തുരങ്കങ്ങളും വയഡക്ടുകളും കൂടുതലായി ഉൾപ്പെടുത്തി.
പ്രധാന നിർമിതികൾ
∙ 17 തുരങ്കം – ആകെ 4.625 കിലോമീറ്റർ
∙ 50 വയഡക്ട് – ആകെ 10.53 കിലോമീറ്റർ
∙ 6 ഫ്ലൈഓവർ
∙ 2 വലിയ പാലങ്ങൾ
∙ 17 ചെറിയ പാലങ്ങൾ
∙ 144 ബോക്സ് കൾവർട്ട്
∙ 128 ക്രോസ്–റോഡ് കൾവർട്ട്
∙ 1 റെയിൽവേ മേൽപാലം
∙ 103 കിലോമീറ്റർ സർവീസ് റോഡ്
∙ 9.2 കിലോമീറ്റർ സ്ലിപ് റോഡ്
∙ പ്രധാന റോഡിലേക്കു കയറാനും ഇറങ്ങാനും 7 ഇടങ്ങളിൽ റാംപുകൾ.
നഷ്ടപരിഹാരം നൽകാതെ പ്രതിസന്ധി
4 വർഷം മുൻപു തന്നെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയ പദ്ധതിയിൽ അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറങ്ങിയത് 100 ഹെക്ടർ ഭൂമിക്കു മാത്രമാണ്. ആകെ 360 ഹെക്ടർ ഭൂമിയാണ് ആവശ്യം. 3 ഡി വിജ്ഞാപനം വന്ന ഭൂമിയുടെ രേഖകൾ ദേശീയപാത അതോറിറ്റി ഭൂവുടമകളിൽ നിന്നു കൈപ്പറ്റിയെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. ഒട്ടേറെ കുടുംബങ്ങളെ ഇതു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ശേഷമേ ദേശീയപാത അതോറിറ്റി നഷ്ടപരിഹാര വിതരണം ആരംഭിക്കൂ എന്നാണ് വിവരം.









