Headlines

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് വി ഡി സതീശന്‍; ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് വി എസിനേയും മോദിയേയും

 

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റേയും നരേന്ദ്രമോദിയുടേയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. (VD Satheesan says administrative experience is not a criterion in selecting cm)

 

 

മുഖ്യമന്ത്രിയായി വി ഡി സതീശന്‍ വരണമെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ആവശ്യമുയരുമ്പോഴും വി ഡി സതീശന് ഭരണരംഗത്ത് പ്രവൃത്തി പരിചയം കുറവാണ് എന്നൊരു വാദം ഉയര്‍ന്നുകേട്ടിരുന്നു. ഈ വിമര്‍ശനത്തോടുള്ള പ്രതികരണമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയാകുമ്പോള്‍ മോദിക്ക് ഭരണപരമായ എന്ത് പരിചയമാണ് ഉണ്ടായിരുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് ഉള്‍ക്കാഴ്ചയും നല്ല ടീമുമാണ്. കരുത്തുറ്റ ഒരു പ്ലാനാണ് ഓരോ നേതാക്കളേയും നയിക്കേണ്ടത്. ആ പ്ലാന്‍ തയ്യാറാക്കേണ്ടത് നല്ല ഉള്‍ക്കാഴ്ചയോടെ വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ചോദ്യം സാങ്കല്‍പ്പികം എന്ന് മാത്രമായിരുന്നു വി ഡി സതീശന്റെ മറുപടി.അതേസമയം മുഖ്യമന്ത്രിയാകാന്‍ പിന്തുണ ഉറപ്പിക്കാനുള്ള നേതാക്കളുടെ ചരടുവലികള്‍ക്കിടെ കെപിസിസി ആസ്ഥാനത്ത് നിയുക്ത എംഎല്‍എമാരുടെ നിര്‍ണായകയോഗം നടക്കുകയാണ്. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. പരിഗണിച്ചില്ലെങ്കില്‍ ക്യാബിനറ്റിലേക്കില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എംഎല്‍എമാരെ മാത്രം കേട്ടാല്‍ പോരെന്നും പൊതുവികാരം പരിഗണിക്കണമെന്നും അദ്ദേഹം എഐസിസി നിരീക്ഷകരെ അറിയിച്ചു. എംഎല്‍എ വെവ്വേറ കാണണോ എന്ന് തീരുമാനിക്കുമെന്ന് എഐസിസി നിരീക്ഷകനായ അജയ് മാക്കന്‍ പറഞ്ഞു.