ആറന്മുള മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ വിജയത്തില്‍ അഭിനന്ദനവുമായി ഓര്‍ത്തഡോക്സ് സഭ. ജനമനസുകള്‍ കീഴടക്കി ജനസേവനത്തിനായി മലങ്കരസഭയുടെ മക്കള്‍ നിയമസഭയിലെത്തുന്നുവെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ഫേസ്ബുക്കില്‍ കുറിച്ചു.പതിനാറാം കേരള നിയമസഭയില്‍ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്നും അഡ്വ. അബിന്‍ വര്‍ക്കി തിരഞ്ഞെടുക്കപ്പെട്ടു. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.അഭിനന്ദങ്ങളെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. (aranmula abin varkey vs veena george result explained)
കേരളത്തിലാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗവും ഭരണവിരുദ്ധ വികാരവും യുവ സ്ഥാനാര്‍ഥിയെന്ന മെച്ചവും ഒപ്പം സാമുദായിക സമവാക്യങ്ങളും അബിന്‍ ആറന്മുളയില് ഗുണമായി. കഴിഞ്ഞ രണ്ട് തവണയായി തങ്ങള്‍ക്ക് നഷ്ടമായ ഓര്‍ത്തഡോക്സ് വോട്ടുകള്‍ അബിനിലൂടെ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പ്പോലും സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജ് ഒരു ഘട്ടത്തില്‍പ്പോലും മുന്നിലെത്തിയില്ല. ആരോഗ്യരംഗത്തെക്കുറിച്ച് ഉയര്‍ന്ന ഗുരുതര ആരോപണങ്ങളും കൃത്യമായി നടപടിയെടുക്കുന്നതില്‍ വന്ന വീഴ്ചകളെക്കുറിച്ച് വന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ വീണാ ജോര്‍ജിന് തിരിച്ചടിയായി.യുഡിഎഫില്‍ നിന്ന് മുമ്പ് വീണാ ജോര്‍ജ് പിടിച്ചടക്കിയ ആറന്മുളയെ തിരിച്ചുപിടിച്ച ജയം അബിനും കോണ്‍ഗ്രസിനും ഒരുപോലെ സ്പെഷ്യലാണ്. ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുമെന്ന വി ഡി സതീശന്റെ പ്രവചനത്തിന് ആറന്മുള കരുത്ത് പകര്‍ന്നു. 1957 മുതല്‍ 2006 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ നാല് പ്രാവശ്യം മാത്രമേ എല്‍ഡിഎഫ് വിജയമുണ്ടായിട്ടുള്ളൂ. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം കഥ മാറി. 2016ല്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തിയ വീണാ ജോര്‍ജ് ജയിച്ചുകയറി. ഇതില്‍ കോണ്‍ഗ്രസിന് പരമ്പരാഗതമായി കിട്ടിവന്നിരുന്ന ഓര്‍ത്തഡോക്സ് വോട്ടുകളും നിര്‍ണായകമായി. ഇത്തവണ ഇതില്‍ ഉള്‍പ്പെടെ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് അബിന്‍ വിജയിച്ചത്. കൂടാതെ കരുത്തനായ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന ഇമേജും ചാനല്‍ ചര്‍ച്ചകളിലെ ഉള്‍പ്പെടെ മികച്ച പ്രകടനവും തെരുവുകളിലിറങ്ങി നടത്തിയ സമരപാരമ്പര്യവും അബിന്‍ ഗുണമായി.







