ഇന്നത്തെ ഹർത്താലുമായി ബന്ധപ്പെട്ട് 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ. നൂറോളം പേരെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി റിപ്പോർട്ട് നൽകി. കേസ് അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും അയച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ, ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതിഷേധമിരമ്പി. ജാതി അധിക്ഷേപം നേരിട്ട നിതിൻരാജിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് പന്ത്രണ്ട് മണിക്കൂർ ഹർത്താൽ. സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പടെ ദളിത് സംഘടനകൾ പ്രതിഷേധമാർച്ച് നടത്തി.
ഹർത്താലിൽ സംസ്ഥാനവ്യാപകമായി സമരക്കാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.മിക്കയിടത്തും വാഹനങ്ങൾ പിന്നീട് കടത്തിവിട്ടു. ദീർഘദൂരയാത്രക്കാരും രോഗികളുമാണ് ഹർത്താലിൽ ഏറെ വലഞ്ഞത്.
പലയിടത്തും സമരക്കാർ കടകളും ബാങ്കുകളും അടപ്പിച്ചു. കോട്ടയത്തും മാളയിലും കോഴിക്കോട് കൂരാച്ചുണ്ടിലും ബാങ്കുകൾ അടപ്പിച്ചു. കുണ്ടറ മുളവനയിൽ ബവ്കോ ഔട്ട്ലെറ്റ് തുറക്കാൻ അനുവദിച്ചില്ല. ആലപ്പുഴ ചെങ്ങന്നൂരിൽ ലേണേഴ്സ് ടെസ്റ്റ് തടഞ്ഞ സമരാനുകൂലികൾ ആർ ടി ഓഫീസിൽ പ്രതിഷേധിച്ചു.
ആലപ്പുഴയിൽ കടയിൽ കയറി വനിതാ ജീവനക്കാരിയെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തി, മൊബൈൽ ഫോൺ പിടിച്ചെടുത്തെന്ന് പരാതി ഉയർന്നു. ചിലയിടങ്ങളിലെ വാക്കുതർക്കങ്ങൾ മാറ്റിനിർത്തിയാൽ, അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എം.കെ റാം ഒളിവിലാണ്. കഴിഞ്ഞ ദിവസം റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. എന്നാൽ റാമിനെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല. കേസിൽ പോലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണവുമായി നിതിരാജിന്റെ കുടുംബം രംഗത്ത് ഉണ്ട്. നീതി വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് കുടുംബം.






