Headlines

‘ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ഥനോ ഉണ്ടാകാന്‍ പാടില്ല; അവസാനം വരെ ഈ അച്ഛന്‍ നിതിനുവേണ്ടി ഇറങ്ങും’; നിതിന്‍ രാജിന്റെ പിതാവ്

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍, കമ്മീഷണറെ കണ്ട് കുടുംബം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്‌തെന്ന് പിതാവ് രാജന്‍ പറഞ്ഞു. നിതിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. (Nithin Raj’s family meets the commissioner)

അവസാനം വരെ താന്‍ നിതിന്‍ രാജിന് വേണ്ടി പോരാടുമെന്ന് പിതാവ് പറഞ്ഞു. ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ത്ഥനോ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും റാമിനെയും സംഗീതയേയും ഇതുവരെ പിടിക്കാനായിട്ടില്ല. അതില്‍ ഒരു വീഴ്ച വരാന്‍ പാടില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – അദ്ദേഹം പറഞ്ഞു.തന്റെ അറിവോടെയാണ് ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതെന്നും അമ്മയുടെ ചികിത്സ കാരണമാണ് തിരിച്ചടവ് മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോളജ് ഈ വിഷയത്തില്‍ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണം. പ്രിന്‍സിപ്പലിന്റെ റൂമില്‍ നടന്ന ആ ഹരാസ്‌മെന്റ് ഒരു 21 വയസുകാരനോട് ചെയ്യാന്‍ പാടില്ലാത്തതാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മാന്യമായ ശിക്ഷ വാങ്ങിക്കൊടുക്കണം- അദ്ദേഹം പറഞ്ഞു.

അതേസമയം, അറസ്റ്റിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. നിതിന്‍ രാജിനെ മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാര്‍ എന്ന് പോലീസ് സംശയിക്കുന്ന ലോണ്‍ ആപ്പിലെ മൂന്ന് ജീവനക്കാരാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ളത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പിലെ ടെലി മാര്‍ക്കറ്റിംഗ് ജീവനക്കാരായ യുപി ഘാസിയാബാദ് സ്വദേശികളായ ഋഷികേഷ്, പ്രശാന്ത് കേവല്‍, ഹരിയാന സ്വദേശിയായ പ്രകാശ് ജയ് എന്നിവരെയാണ് നോയിഡയില്‍ നിന്ന് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ആരോപിതരായ അധ്യാപകര്‍ എം കെ റാമും, ഡോക്ടര്‍ സംഗീത നമ്പ്യാരും സംസ്ഥാനം വിട്ടുവെന്നാണ് വിവരം. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യപേക്ഷ ഈ 22നാണ് തലശേരി കോടതി പരിഗണിക്കുക. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ കേരള പുലയ മഹാ സഭ കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.