‘ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: പ്രതിപക്ഷയോഗത്തിൽ TMC- കോൺഗ്രസ്‌ തർക്കം

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷയോഗത്തിൽ തൃണമൂൽ കോൺഗ്രസ് – കോൺഗ്രസ്‌ തർക്കം. എല്ലാ തൃണമൂൾ കോൺഗ്രസ്‌ എംപിമാരും ലോക്സഭയിൽ എത്തില്ലെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. എംപിമാർ വരാത്തത് ബിജെപിയെ സഹായിക്കുന്നതു പോലെയാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മമതയോടു സംസാരിക്കാൻ ഉദ്ദവ് താക്കറയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ചില എംപിമാർക്ക് പാർലമെന്റിൽ എത്താൻ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. ഇതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ പാർട്ടികൾ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസവും പാർലമെന്റിൽ‌ ഉണ്ടാകണമെന്നാണ് എംപിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ബില്ല് പാർലമെന്റിൽ പാസക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനാൽ പ്രതിപക്ഷം എതിർ‌ത്താൽ ബില്ല് പാസാകില്ലെന്നും എല്ലാ എംപിമാരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്.

നിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്. മൂന്ന് ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ലോക്സഭയിൽ 18 മണിക്കൂർ ബില്ലിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്‌. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും. രാജ്യസഭയിൽ 16 മണിക്കുറുമാണ് ചർച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്.