Headlines

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയാണ് ഉള്‍പ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു. (LDF government’s progress report)2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കില്‍ പൂര്‍ത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ സ്വപ്‌നമാണ് ഭൂമിയും വീടും. ഇത് യാഥാര്‍ഥ്യമാക്കാനാണ് ലൈഫ് പദ്ധതി 2016ലെ സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. ഒരു വീട്ടില്‍ ശരാശരി നാല് ആളുകളെയെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കാന്‍ കഴിഞ്ഞു. ലൈഫ് മിഷന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസമുറപ്പിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി 2782 വീടുകള്‍ 738 ഫ്‌ളാറ്റുകളും കൈമാറിയിട്ടുണ്ട്. 10 വര്‍ഷത്തിനകം 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി – അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ വലിയ തോതിലുള്ള ഭൂപ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കാനായി. നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം അതിദാരിദ്ര്യ മുക്തമായതും നേട്ടമായി മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകത്ത് തന്നെ അപൂര്‍വം രാഷ്ട്രങ്ങളെ അതി ദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവന്നതിനെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ ഒരു ലോണെടുത്താല്‍ അതിന്റെ ഭാഗമായി ജപ്തി വരികയാണ്. ഉള്ള കിടപ്പാടം നഷ്ടപ്പെടുകയാണ്. ഇതൊരു വലിയ സാമൂഹ്യ പ്രശ്‌നമായി ഉയര്‍ന്നു വന്നിരുന്നു. എല്‍ഡിഎഫ് നേരത്തേ തന്നെ ഇക്കാര്യത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ തുടര്‍ച്ചയായാണ് ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞത് – അദ്ദേഹം പറഞ്ഞു.

വീട്ടമ്മമാരു അധ്വാനത്തിന് അംഗീകാരം നല്‍കണമെന്ന് കണ്ടിരുന്നു. പ്രതിമാസം അവര്‍ക്ക് ആയിരം രൂപ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണിപ്പോള്‍ ആനുകൂല്യം നല്‍കുന്നത്. അതിനിയും വര്‍ധിക്കും – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.