Headlines

പി വി അന്‍വര്‍ വ്യക്തി അധിക്ഷേപം നടത്തുന്നു, പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും: മന്ത്രി റിയാസ്

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരേയും താന്‍ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്‍വര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. പണത്തിനുമീതെ ബേപ്പൂര്‍ പറക്കുമെന്നും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. (minister P. A. Mohammed Riyas slams pv anvar)

ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടുകളും പ്രസ്താവനകളും ഡോക്യുമെന്റഡാണെന്നും അത് ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് തനിക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നിരിക്കിലും രാഹുലിനെക്കുറിച്ച് വ്യക്തിപരമായ അധിക്ഷേപം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചിലരുടെയൊക്കെ ധാരണ പണത്തിന് മീതെ തിരഞ്ഞെടുപ്പില്‍ പരുന്തും പറക്കില്ലെന്നാണ്. എന്നാല്‍ പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.