വൈദ്യുതി ബില്ലിലും LDF സർക്കാരിൻെറ പ്രചരണം. മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ ബില്ലിൽ സർക്കാരിൻെറ പരസ്യം. പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ എന്ന വാചകമാണ് ബില്ലിലുളളത്. കൊല്ലം ജില്ലയിൽ ഇന്ന് നൽകിയ ബില്ലുകളിലാണ് പരസ്യമുളളത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പരസ്യങ്ങൾ പാടില്ലെന്നാണ് ചട്ടം. മുൻകാലങ്ങളിൽ ശുചിത്വ സന്ദേശമായിരുന്നു വൈദ്യുതി ബില്ലിൽ ഉണ്ടായിരുന്നത്. കേരളം, തമിഴ്നാട്, ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ബാധകമാകുന്ന ഈ ചട്ടങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ കർശനമായി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ, കള്ളവോട്ട് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. ഓരോ പൊതു തിരഞ്ഞെടുപ്പിലും ഈ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കും. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ഇത് തുടരുകയും ചെയ്യും.







