പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം ഉണ്ടായി. അബുദബിയിലെ എണ്ണപാടം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ്‍ ആക്രമണം. ഷാഹ് ഓയില്‍ ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണം ചെറുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ വ്യോമപാത അടച്ച. തുടര്‍ച്ചയായ മിസൈല്‍ — ഡ്രോണ്‍
ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിമാനങ്ങളുടേയും യാത്രക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം.അതേസമയം, സൗദിയില്‍ വിവിധയിടങ്ങളിലായി 37 ഡ്രോണുകള്‍ പ്രതിരോധ മന്ത്രാലയം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലും സെന്‍ട്രല്‍ പ്രവിശ്യയിലെ ഖര്‍ജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങള്‍ നടന്നത്. കുവൈറ്റില്‍ 16 ഹെസ്ബുള്ള ഭീകരരെ പിടികൂടി.
അതിനിടെ, ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തോട് വിമുഖത പ്രകടിപ്പിക്കുകയാണ് ലോകരാജ്യങ്ങള്‍. നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.
സഹായിക്കാത്തവരെ ഓര്‍ത്തുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ഈ മാസം ഒടുവില്‍ നടക്കേണ്ട ചൈന സന്ദര്‍ശനം ട്രംപ് മാറ്റിവച്ചേക്കുമെന്നും സൂചനയുണ്ട്.
ചൈനയുടെ മറുപടി അറിഞ്ഞശേഷമേ ചൈന സന്ദര്‍ശന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ട്രംപ് വ്യക്തമാക്കി.









