Headlines

ഗജരാജ സ്ലീപ്പർ ബസ് വീണ്ടും ദിവസേന സർവീസ് തുടങ്ങി; തലസ്ഥാനത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിൽ എത്താം

തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി എസി ഗജരാജ സ്ലീപ്പർ ബസ് പ്രതിദിന സർവീസ് പുനരാരംഭിച്ചു.
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെ എസ് ആർ ടി സി എസി ഗജരാജ സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തിൽപെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു. ഇതാണ് വീണ്ടും സർവീസ് തുടങ്ങിയത്. കണിയാപുരം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന സർവീസ് കഴക്കൂട്ടം, ടെക്നോപാർക്ക്, തമ്പാനൂർ, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനൽവേലി, മധുര, കരൂർ, സേലം, ഹൊസൂർ വഴിയാണ് ബെംഗളൂരുവിലേക്കെത്തുന്നത്. കണിയാപുരത്തു നിന്ന് വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് രാവിലെ 8.30നു ബെംഗളൂരുവിൽ എത്തിച്ചേരും. തിരികെ എല്ലാ ദിവസവും വൈകിട്ട് ഏഴിന് സാറ്റലൈറ്റ് ടെർമിനലിൽ നിന്നു പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കൽ, ദിണ്ഡിഗൽ, തിരുനെൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. സർവീസ് പുനരാരംഭിച്ചതോടെ നിലവിൽ ടിക്കറ്റുകൾ ലഭ്യമാണ്.