Headlines

വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം; ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഉടന്‍ നടക്കും

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്നേ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടേഴ്‌സിന്റെ സംഘം പരിശോധിച്ചു. (Scissors found in woman’s abdomen)വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ്.2021ല്‍ വയറ് വീര്‍ത്ത് വന്നപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്തപ്പോള്‍ വയറ്റില്‍ മുഴ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആയിരുന്നു. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ലളിതാംബിക ഡോക്ടറാണ് സര്‍ജറി ചെയ്തത്. മേയ് 5നാണ് ഓപ്പറേഷന്‍ ചെയ്ത്. ഇടയ്ക്ക് വയറ് വേദന വരുമ്പോള്‍ പല ഡോക്ടര്‍മാരെ കണ്ട് മരുന്ന് വാങ്ങുമായിരുന്നു. കഴിഞ്ഞ ദിവസം പോയി എക്സറേ എടുത്തപ്പോഴാണ് ഇത് കണ്ടത്. വണ്ടാനത്ത് ഓപ്പറേഷന്‍ ചെയ്തതല്ലാതെ മറ്റ് ഓപ്പറേഷനുകള്‍ ഒന്നും ചെയ്തിട്ടില്ല. ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷം ഇപ്പോഴാണ് എക്സറേ എടുക്കുന്നത് – ഉഷ വ്യക്തമാക്കി.

വണ്ടാനം ആശുപത്രിയിലെ പരിശോധനയിലും കത്രിക കണ്ടെത്തിയില്ലെന്നും ഉഷ പറയുന്നു. മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയക്കുകയായിരുന്നു.

എക്സറേയില്‍ കത്രിക വയറ്റിലുള്ളത് വ്യക്തമായി കാണാം. ഇന്ന് എക്സറേ റിസല്‍ട്ടുമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ചെന്നു. തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു തരാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിഷയത്തെ കുറിച്ച് അറിയില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വിവരം പുറത്ത് പറയരുതെന്നും എല്ലാം പരിഹരിക്കാമെന്നും രണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷയുടെ ബന്ധു വെളിപ്പെടുത്തി. രണ്ട് ഡോക്ടര്‍മാര്‍ മുറിയിലേക്ക് വിളിപ്പിച്ചെന്നും പുറത്ത് പറയരുതെന്ന് അഭ്യര്‍ഥിച്ചതായും ബന്ധു പറഞ്ഞു.