വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും.
കൽപ്പറ്റ: തെരഞ്ഞെടുപ്പ് ചൂടേറ്റി നാടെങ്ങും മുന്നണി ജാഥകൾ. വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും. ജോസ് കെ മാണിയുടെ മധ്യമേഖല പര്യടനം കോട്ടയം-ഇടുക്കി അതിർത്തിയിലും നടക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് യാത്ര പര്യടനം നടത്തുക. രാവിലെ എട്ടുമണിക്ക് വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവിന്റെ സംവാദം നടക്കും. ജില്ലയിലെ പ്രധാന യുഡിഎഫ് നേതാക്കൾ യാത്രയുടെ ഭാഗമാകും. രാവിലെ 10 മണിക്ക് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് നാലുമണിക്ക് കൽപ്പറ്റയിൽ അവസാനിക്കും.അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ പര്യടനം മലപ്പുറം ജില്ലയില്‍ തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 10ന് കൊണ്ടോട്ടിയില്‍നിന്ന് ജാഥ തുടങ്ങും. മൂന്നിന് ഏറനാട്, നാലിന് നിലമ്പൂര്‍ മണ്ഡലങ്ങളിലെ പര്യടനശേഷം അഞ്ച് മണിയോടെ വണ്ടൂരില്‍ ഇന്നത്തെ യാത്ര സമാപിക്കും. എൽഡിഎഫ് വികസന മുന്നേറ്റ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്. തെക്കൻ മേഖലാ ജാഥയുടെ രണ്ടാം ദിനമായ ഇന്ന് കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. ഭരണിക്കാവിലെ പ്രഭാത സദസിൽ ജാഥാ അംഗങ്ങൾ പങ്കെടുക്കും. ആദ്യ ദിനം ജാഥ 4 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ജാഥാ ക്യാപ്റ്റൻ.എൽഡിഎഫ് വികസന ജാഥയുടെ മധ്യമേഖല പര്യടനം നാളെ ഇടുക്കിയിൽ പ്രചരണം തുടങ്ങും. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ജാഥക്ക് ഇന്നലെ കോട്ടയം- ഇടുക്കി അതിർത്തിയിൽ സ്വീകരണം നൽകിയിരുന്നു. തുടർന്ന് വണ്ടിപ്പെരിയാറിൽ ആയിരുന്നു ജില്ലയിലെ ആദ്യ പരിപാടി. ഇന്ന് രാവിലെ അടിമാലിയിൽ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അടിമാലിയിലാണ് ജാഥയ്ക്ക് ആദ്യ സ്വീകരണം. തുടർന്ന് ചെറുതോണിയിലും തൊടുപുഴയിലും സ്വീകരണ കേന്ദ്രങ്ങളിൽ ജോസ് കെ മാണി സംസാരിക്കും. രാവിലെ അടിമാലിയിൽ മാധ്യമങ്ങളെ കാണുന്ന ജോസ് കെ മാണി, മാണി സി കാപ്പൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഉൾപ്പെടെ മറുപടി നൽകും.
നാടെങ്ങും മുന്നണി ജാഥകൾ; വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും, എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടരും









