2021 മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21കാരിയായ ഹർനാസ് കിരീടം ചൂടിയത്. 2000ൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യക്കാരി ഈ നേട്ടത്തിലെത്തുന്നത്. 1994ൽ സുസ്മിത സെൻ ആണ് വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി.
എല്ലാ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹർനാസ് സന്ധു വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ പരാഗ്വ, ദക്ഷിണാഫ്രിക്കൻ സുന്ദരിമാരെയാണ് അവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കൻ സുന്ദരി ആൻഡ്രിയ മെസ തന്റെ കിരീടം ഹർനാസിനെ അണിയിച്ചു.