കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കര്‍ഷകബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: കാര്‍ഷികനിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍നിയമം പാസാക്കുമെന്നും രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികബില്ല് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതും, ഭക്ഷ്യഭദ്രത തകര്‍ക്കുന്നതുമാണ്. രാജ്യത്തിന്റെ നെടുതൂണായ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ പോരാട്ടം തുടരും. പഞ്ചാബില്‍ ഈ നിയമത്തിനെതിരെ ബദല്‍നിയമം പാസാക്കി കഴിഞ്ഞുവെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല നിര്‍ണയിച്ച വിഷയത്തില്‍ ഇടപെടല്‍ നടത്തും. കാടും നാടും വേര്‍തിരിക്കുകയാണ് വേണ്ടത്. മറിച്ച് കര്‍ഷകനെ സ്വന്തം ഭൂമിയില്‍ നിന്നും ഇറക്കിവിടാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെയും, തൊഴിലാളികളുടെയും, പട്ടികവര്‍ഗക്കാരുടെയും വിഷയങ്ങളില്‍ അവരുടെ ക്ഷേമത്തിന് വേണ്ടി യു ഡി എഫ് പോരാടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, ടി ജെ ഐസക്, എം എസ് വിശ്വനാഥന്‍, പി പി ആലി, എന്‍ കെ റഷീദ്, കെ കെ വിശ്വനാഥന്‍, വി എ മജീദ്, എം സി സെബാസ്റ്റ്യന്‍, സി മൊയ്തീന്‍കുട്ടി, ടി മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, ടി കെ ഭൂപേഷ്, അഡ്വ. ജവഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുന്നു.