ബസുകൾ യഥാ സമയം പരിപാലിച്ചില്ല; ‍ എറണാകുളം ഡിപ്പോ എഞ്ചിനീയറെ സുൽത്താൻ ബത്തേരിയിലേക്ക് സ്ഥലം മാറ്റി

സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി സിഎംഡി ബിജുപ്രഭാകർ ഐഎഎസിന്റെ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സി ബസുകൾ യഥാ സമയം പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ എറുണാകുളം ഡിപ്പോ എഞ്ചിനീയർ പി.പി.മാർട്ടിനെ സുൽത്താൻ ബത്തേരി യൂണിറ്റിലേക്ക് മാറ്റി നിയമിച്ചു ഉത്തരവിറക്കി. പകരം സുൽത്താൻ ബത്തേരി ഡിപ്പോ എഞ്ചിനീയർ പി.എം. ബിജുവിനെ എറുണാകുളം ഡിപ്പോയിലേക്കും മാറ്റി നിയമിച്ചു. കൊവിഡ് കാലത്ത് ബസുകൾ സർവ്വീസ് നടത്താത്തത് കാരണം ഡിപ്പോകളിലും , ഗ്യാരേജുകളിലും കിടക്കുന്ന അവസ്ഥയിൽ 3 ദിവസം കൂടുമ്പോൾ അറ്റകുറ്റ പണികൾ നടകത്തുകയും , യഥാ സമയം ചലിപ്പിച്ച് വർക്കിംഗ് കണ്ടീഷനിൽ നിലനിർത്തണമെന്നും സിഎംഡി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ എറണാകുളത്തെ ഡിപ്പോയോട് ചേർന്നുള്ള ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ വള്ളികൾ പടർന്ന് പിടിച്ച് കാട് കയറിയ അവസ്ഥയിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിപ്പോ എഞ്ചിനീയറുടെ അനാസ്ഥയെ തുടർന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.