നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂനിറ്റുകള്‍, ബാലറ്റ് യൂനിറ്റുകള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവ ഇ.എം.എസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ തരംതിരിക്കുന്ന പ്രക്രിയയാണിത്. ഇതുപ്രകാരം ജില്ലയില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ 299 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 358 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 33.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 333 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 398 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും 33.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 445 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 316 ബൂത്തുകളിലേക്ക് 378 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും 422 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കായി 1137 ബാലറ്റ് യൂനിറ്റുകളും, 1177 കണ്‍ട്രോള്‍ യൂനിറ്റുകളും, 1271 വിവിപാറ്റുകളുമാണ് അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവി കുമാര്‍, റിട്ടേണിംഗ് ഓഫീസര്‍മാരായ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ)മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്റ്റിന്‍, അസിസ്റ്റന്റ് കളക്ടർ ഡോ. ബൽപ്രീത്‌സിംഗ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.