കുട്ടനാട്ടിലേക്ക് വിത്ത് നൽകി വയനാട്ടിലെ നെൽകർഷകർ.
കൽപ്പറ്റ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ജൈവീക ഗുണങ്ങൾ ഏറെയുള്ളതും ഗുണമേന്മയുള്ളതുമായ നെൽവിത്ത് നൽകി വയനാട്ടിലെ കർഷകർ. മുത്തങ്ങയിലെ വനാതിർത്തിയിലാണ് 50-ലധികം വ്യത്യസ്ത ഇനം നെല്ല് കൃഷി ചെയ്ത് കുട്ടനാട്ടിലെ കർഷകർക്ക് എത്തിച്ചു നൽകുന്നത്. കുട്ടനാട്ട് ഐമനത്തെ ആറുപറയിൽ എ.കെ. സേവ്യർ എന്ന പാപ്പച്ചൻ്റെ നേതൃത്വത്തിലാണ് മുത്തങ്ങയിലെ കൃഷിയിടത്തിൽ നിന്നുള്ള നെൽവിത്തുകൾ കുട്ടനാട്ടിലെത്തിച്ചത് . 18 ഏക്കർ സ്ഥലത്താണ് മുത്തങ്ങയിൽ 50 ലധികം ഇനം കൃഷി ചെയ്തത്. ഒറ്റാൽ പോലെ വംശനാശ ഭീഷണി നേരിടുന്ന നെൽവിത്തിനങ്ങളും ക്ലീരോ പോലെ ഏറെ പ്രിയമുള്ള ഇനങ്ങളും ഇവിടെ കൃഷിയിറക്കിയിട്ടുണ്ട് . മൈക്കര പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ മൈക്കര ആദിവാസി കോളനിയിലെ പത്തിലധികം പേരും പങ്കാളികളായി.
വയനാട്ടിൽ 125 ദിവസത്തിലധികം മൂപ്പുള്ള പല ഇനങ്ങളും കുട്ടനാട്ടിൽ
കൃഷി ചെയ്തപ്പോൾ 60 ദിവസം കൊണ്ട് കതിരുടകയും 90 ദിവസം കൊണ്ട് മൂപ്പെത്തി കൊയ്യാനും കഴിയുന്നുണ്ടന്ന് സേവ്യർ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള കൃഷിയായതിനാലും ജൈവ രീതിയിൽ മാത്രം കൃഷി ചെയ്യുന്നതിനാലും വിത്തിന് ഗുണമേന്മയും രോഗ പ്രതിരോധ ശേഷിയും ഉല്പാദന ക്ഷമതയും കൂടുതലാണ്. 64 ഇനം പച്ചിലകളും പഞ്ചഗവ്യം ചാണകം തുടങ്ങിയവ ചേർത്തുള്ള മിശ്രിതം കൊണ്ടുണ്ടാക്കിയ ചിറ്റുണ്ടയിൽ മുളപ്പിച്ച ശേഷമാണ് നാട്ടി നടത്തുന്നത്. അതു കൊണ്ട് തന്നെ, പെട്ടന്ന് ഞാറ് വളരുകയും നെല്ലിൻ്റെ ചുവിടന് കരുത്ത് കൂടുകയും ചെയ്യുന്നുണ്ട്.
വന്യ മൃഗ ശല്യവും വെള്ളപ്പൊക്കവും കാരണം ഏറെ പ്രതിസന്ധികളെ മറികടന്നാണ് മൈക്കര പാടശേഖരത്തിൽ കർഷകർ നെൽകൃഷിയിറക്കിയത്.ആറുപറയിൽ റൈസ് പാർക്ക് കാണാനും നെൽ വിത്ത് വാങ്ങാനും ധാരാളം പേർ മുത്തങ്ങയിൽ എത്തുന്നുണ്ട്.