മണ്ണില്‍ പൊന്നുവിളിയിക്കുന്ന തൊണ്ണൂറ് കഴിഞ്ഞ വൃദ്ധദമ്പതിമാര്‍ വേറിട്ട മാതൃകയാവുകയാണ്. .പുല്‍പ്പള്ളി സുരഭിക്കവലയിലെ മാത്യു-മേരി ദമ്പതികളാണ് ജീവിതസായന്തനത്തിലും, ചെറുപ്പത്തിന്‍റെ ഉശിരോടെ കൃഷിയിടത്തിലിറങ്ങി പണിയെടുക്കുന്നത്. സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവിന് വയസ് 90 കഴിഞ്ഞു, ഭാര്യ മേരിക്കാവട്ടെ 88 ആയി. പക്ഷേ, ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ഇരുവരും തയ്യാറല്ല. വയനാടിന്‍റെ കാര്‍ഷിക ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കാണ് മാത്യുവിന്‍റെ ഓര്‍മ്മകള്‍. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ കൊണ്ട് പുല്‍പ്പള്ളി സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. ഒരേക്കറിന് അന്ന് 400 രൂപയായിരുന്നു നല്‍കിയതെന്ന് മാത്യു ഓര്‍ത്തെടുക്കുന്നു. വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം ജീവിതമാര്‍ഗം സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു.മഴക്കാലത്തെ നിരവധി നെല്‍കൃഷിയോര്‍മ്മകള്‍ മാത്യുവിനൊപ്പം മേരിക്കുമുണ്ട്. സ്വന്തം കൃഷിയുംമണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകള്‍ തന്നെയാണ് ഇന്നും സഹായമില്ലാതെ നടക്കാനുള്ള ആര്‍ജവം നല്‍കുന്നതെന്നാണ് ഇരുവരുടേയും പക്ഷം. ഭക്ഷണമെല്ലാമുണ്ടാക്കി വെച്ച് മണ്ണിലേക്കിറങ്ങും. കപ്പ, ചേന, കാച്ചില്‍, ചേമ്പ് വിവിധതരം പച്ചക്കറികള്‍ എന്നിവയെല്ലാം നട്ട് പരിപാലിക്കും.നേരത്തെ പശുവിനെ വളര്‍ത്തിയിരുന്നുവെങ്കിലും പിന്നീടതിനെ വിറ്റു. കൊവിഡ് കാലത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇപ്പോള്‍ ഇരുവരും പുറത്തേക്ക് തീരെ ഇറങ്ങാറില്ല. . വാര്‍ധക്യത്തിന്‍റെ അലോസരപ്പെടുത്തലുകളും, നേരിയ വിഷമതകളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുകയാണ് വേറിട്ട കാഴ്ചയായ ഈ വൃദ്ധദമ്പതികള്‍
The Best Online Portal in Malayalam