വയനാട് ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പോലീസ് ജീവനക്കാരെ പ്രാപ്തരാക്കുവാന്‍ പുതിയ പോലീസ് പരിശീലന കേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈത്തിരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ കേസന്വേഷണങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം ആര്‍ജിക്കുവാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. അവ വര്‍ധിപ്പിക്കുവാന്‍ പുതിയ പരിശീലനം കേന്ദ്രത്തിലൂടെ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ ആന്തരിക പരിശീലനവും കേന്ദ്രത്തില്‍ നല്‍കാന്‍ സാധിക്കും വിധത്തിലാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുക എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് സ്‌റ്റേഷനുകള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 16 കെട്ടിടങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ജില്ലയിലെ വൈത്തിരിയില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിനിഷ രാഗേഷ്, ജോയിന്റ് പോലീസ് സൂപ്രണ്ട് അജിത് കുമാര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി.ഡി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.