Headlines

‘കാവി പണം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെ, പി.എം. ശ്രീയിൽ നിന്ന് പിന്മാറാനുള്ള നീക്കം കാപട്യം’; ജോർജ് കുര്യൻ

പി.എം. ശ്രീയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കാപട്യമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമേയുള്ളൂ. കരാറിൽ നിന്ന് പിന്മാറാൻ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2023-ൽ എൻഇപി നടപ്പാക്കിയിട്ടുണ്ട്. ആഗോള സിലബസെന്ന് പറഞ്ഞാണ് അന്ന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയത്. വിസിമാരുടെ യോഗത്തിൽ ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. പി.എം. ശ്രീ ചൈനീസ് സിലബസെന്ന് പറഞ്ഞു നടപ്പാക്കട്ടെയെന്നും ജോർജ് കുര്യൻ പരിഹസിച്ചു.

പി.എം. ശ്രീ പദ്ധതിയിലെ പിന്മാറ്റം സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ തേടി പോകുന്ന അവസ്ഥ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പദ്ധതി നടപ്പിലാക്കുന്നത് സ്വാഗതാർഹമെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു. കരാറിൽ നിന്ന് പിന്മാറില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും. മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക.