ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ല; സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടർന്ന് ആശമാർ

ഓണറേറിയം വർധിപ്പിച്ചെങ്കിലും സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടർന്ന് ആശമാർ. തുടർ സമര രീതി നാളെ പ്രഖ്യാപിക്കും. നാളെ മഹാ സമര പ്രഖ്യാപന റാലി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും തുടർ സമര രീതി പ്രഖ്യാപിക്കുന്നത്. ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചത് സമര വിജയമായി തന്നെയാണ് ആശ സമരസമിതി വിലയിരുത്തുന്നത്. എന്നാൽ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.

സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നുമാണ് ആശാ വർക്കർമാർ അറിയിച്ചത്. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് ആയിരം രൂപയുടെ വർധനവ് ആശമാർക്ക് ഉണ്ടായിരിക്കുന്നത്. 1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ പ്രതികരണം.

വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക പെൻഷൻ നൽകുക തുടങ്ങിയ സമര ആവശ്യങ്ങളും സർക്കാർ പരിഗണിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാനുള്ള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലവിലെ തീരുമാനം.