Headlines

‘നോക്കാൻ പറ്റില്ല, ഇറങ്ങിപ്പോടീ’: മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി

 

മലപ്പുറം പൊന്നാനി സർക്കാർ ആശുപത്രിയിൽ, പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് അടിയന്തിര ചികിത്സ ലഭിച്ചില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹല തസ്നിക്കാണ് ദുരനുഭവമുണ്ടായത്. പൊലീസ് ഇടപെട്ടതിന് ശേഷമാണ് പെയിൻകില്ലറും ഇൻജെക്ഷനും നൽകിയതെന്ന് ഷഹല പറയുന്നു. എന്നാൽ ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് ചികിത്സാ നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

 

 

ഇറങ്ങി പൊക്കോ എന്ന് വനിതാ ഡോക്ടർ പറഞ്ഞെന്ന് ഷഹല പറയുന്നു. നോക്കാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞെന്നും വളരെ മോശമായി പെരുമാറിയെന്നും ഷഹല പറയുന്നു. പാമ്പ് കടിയേറ്റ് വന്നതാണെന്ന് പറഞ്ഞിട്ടും ചികിത്സ നൽകാൻ തയാറായില്ല. നല്ല വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ‌ തനിക്കിതൊന്നും അറിയേണ്ടെന്ന് ഡോക്ടർ പറഞ്ഞെന്നും കൂടുതൽ ഡയലോഗ് അടിക്കാതെ ഇറങ്ങി പോകാൻ പറ‍ഞ്ഞെന്നും ഷഹല പറയുന്നു.തുടർച്ചയായി രക്തം ഛർദിക്കാൻ തുടങ്ങിയതോടെയാണ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയത്. ശക്തമായ ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. മോശമായ അനുഭവം നേരിട്ടതോടെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിക്കുകയായിരുന്നു. തുടർന്ന് എസ്‌ഐ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് യുവതിക്ക് പെയിൻ കില്ലറും ഇൻജക്ഷനും നൽകാൻ ആശുപത്രി അധികൃതർ തയാറായത്. സ്റ്റേഷനിൽ നിന്നും ഷഹല രക്തം ഛർദിച്ചു. തുടർന്നാണ് പൊലീസ് അടിയന്തര ചികിത്സ നൽകാൻ ആവശ്യപ്പെട്ടത്.