Headlines

തിരുവനന്തപുരം കോർപ്പറേഷന്റെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ വ്യാപക ക്രമക്കേട്; കെട്ടിടങ്ങളുടെ കണക്കെടുക്കാൻ നിർദേശിച്ച് മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ വ്യാപക ക്രമക്കേടന്ന് വിവരം. തുച്ഛമായ തുകയ്ക്ക് നൽകിയ കെട്ടിടങ്ങൾ വൻ തുകയ്ക്ക് മറിച്ച് വിറ്റു എന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഓരോ വർഷവും കെട്ടിട വാടക പുതുക്കണമെന്ന് വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്നും കണ്ടെത്തൽ.കോർപ്പറേഷൻ വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ വി. വി. രാജേഷ് നിർദ്ദേശം നൽകി. അതേസമയം വികെ പ്രശാന്ത് ഓഫീസ് മുറിയണമെന്ന് ശ്രീലേഖയുടെ ആവശ്യത്തിൽ മൃദു സമീപനമാണ് കോർപ്പറേഷന്. കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും തമ്മിലുള്ള ഓഫീസ് തർക്കമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച ക്രമക്കേടുകളിലേക്ക് എത്തിയതത്.വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കൗൺസിലർ ആർ.ശ്രീലേഖ കൊളുത്തിയ വിവാദം പുതിയ തലത്തിലേക്കാണ് കടന്നിരിക്കുന്നത്. വിഷയം കോൺഗ്രസും ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ മാനം കൈവന്നത്. ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള ആക്രമണത്തിന്റെ ഭാഗമാണ് ഓഫീസ് ഒഴിപ്പിക്കാനുള്ള ശ്രമമെന്ന് ആയിരുന്നു പ്രശാന്തിന്റെ പ്രതികരണം. അതേസമയം വിഷയത്തിൽ, തിടുക്കപ്പെട്ട നടപടി വേണ്ട എന്നാണ് കോർപ്പറേഷൻ നിലപാട്. സെക്രട്ടറി തലത്തിൽ ചർച്ചകൾ നടത്തിയ ശേഷം ആയിരിക്കും ഓഫീസ് ഒഴിപ്പിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.