Headlines

CJP പ്രതിഷേധം: പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ പെൺകുട്ടി ആശുപത്രി വിട്ടു

 

സിജെപി പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ പെൺകുട്ടി ആശുപത്രി വിട്ടു. സാക്ഷി ആശുപത്രി വിട്ടത് പത്താം നാൾ. പെൺകുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർചികിത്സയ്ക്കും വിശ്രമത്തിനുമുള്ള നിർദ്ദേശങ്ങൾ നൽകിയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഇരുപത്തിയൊന്നുകാരി ഡൽഹി RML ആശുപത്രിയിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്.

 

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളും പാർലമെന്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

 

ഇതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് സാക്ഷിക്ക് ഗുരുതരമായി പരുക്കേറ്റത്. ശ്വാസതടസ്സവും മുഖത്തും നെഞ്ചിലുമേറ്റ പരിക്കുകളുമായി ഇവരെ ഉടൻ തന്നെ RML ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു.തുടക്കത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സാക്ഷിയുടെ ജീവൻ നിലനിർത്തിയിരുന്നത്.

 

എന്നാൽ വ്യാഴാഴ്ചയോടെ ഇവരുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടായി. വെന്റിലേറ്റർ മാറ്റിയിരുന്നു. തലച്ചോറിന്റെയും നട്ടെല്ലിന്റെയും എം.ആർ.ഐ (MRI) സ്കാൻ റിപ്പോർട്ടുകളും സാധാരണ നിലയിലാണ്.നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർചികിത്സയ്ക്കും വിശ്രമത്തിനുമുള്ള നിർദ്ദേശങ്ങൾ നൽകിയാണ് ഡിസ്ചാർജ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.