‘അജസുന്ദരി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ആഷിക്ക് അബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത്തിനെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹത്തിനു നൽകിയ 25 ലക്ഷം രൂപയിൽ നിന്നും കുറച്ച് തുക മാത്രമാണ് വ്യാപാരികൾക്ക് നൽകിയതെന്നും നിർമാണക്കമ്പനി പറയുന്നു. എല്ലാ കുടിശ്ശികകളും നേരിട്ടു തന്നെ തീർപ്പാക്കുമെന്നും ഈ വിഷയത്തിൽ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.‘വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികള്‍ക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു.
വിലങ്ങാട് നടന്ന അജസുന്ദരി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ) യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത് എൻ–നെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.
വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.നിയപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒപിഎം സിനിമാസ് പൂർണമായും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശ്ശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്. വിലങ്ങാടിലെ ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.’’
ആഷിഖ് അബു നിർമിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അജഃ സുന്ദരി’യുടെ ചിത്രീകരണത്തിനിടെ പ്രാദേശിക കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ സിനിമാസംഘം മുങ്ങിയതായി പരാതി ഉയർന്നിരുന്നു. ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കോഴിക്കോട് വിലങ്ങാട്ടെ നാല് വ്യാപാരികൾക്കാണ് സിനിമാസംഘം ലക്ഷങ്ങളുടെ ബാധ്യത വരുത്തിവെച്ചത്.
വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ മൂന്ന് മാസത്തോളമാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഈ സമയത്താണ് സെറ്റിലേക്കുള്ള പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങൾ പ്രാദേശിക കടകളിൽ നിന്നും വാങ്ങിയത്. ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകി നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തി സംഘം സ്ഥലംവിട്ടത്. പിന്നീട് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അണിയറപ്രവർത്തകർ ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്ന് വ്യാപാരികൾ പറഞ്ഞിരുന്നു.






