തിരുവനന്തപുരം: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തില്‍ രാഷ്ട്രീയപോര് മുറുകുന്നു. ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം പ്രചരിപ്പിച്ച അധ്യാപകന്റെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പേരിലാണ് പോര് മുറുകുന്നത്. കായിക അധ്യാപകന്‍ ജിജോ ജെയിംസ് മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്ന് ഡോ. പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടിയുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. (Adv Vasanth Ciriyac repaly to dr. p sarin)
2020ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്ന കാരണത്താല്‍ ഒരാളെ ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കുകയാണെങ്കില്‍, 2021ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി. സരിനും അതേ മാനദണ്ഡം ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.2020ല്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചശേഷം പ്രസ്തുത അധ്യാപകന്‍ പാര്‍ട്ടി വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് വസന്ത് സിറിയക് ഫേസ്ബുക്ക് പോസ്റ്റിലൂടെ സരിനെ വെല്ലുവിളിച്ചത്. അധ്യാപകന്‍ എപ്പോഴാണ് കോണ്‍ഗ്രസ് വിട്ടത്, എപ്പോഴാണ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നത്, സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് വിശദീകരണമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ശ്രീ പി സരിന്‍,
പറയുന്നത്, 2020ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് ഭക്ഷണത്തില്‍ പുഴുവിട്ടത് എന്നാണനി , അതുകൊണ്ട് ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും അയാള്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന സിദ്ധാന്തമാണല്ലോ.
അങ്ങനെയാണെങ്കില്‍, 2021ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശരിനും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് പറയേണ്ടിവരില്ലേ?
കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും. അതാണ് ശീലവും പാരമ്പര്യവും.
കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം അല്ല, കോണ്‍ഗ്രസ് എന്നാണ്.
പക്ഷേ ചില യാഥാര്‍ത്ഥ്യങ്ങള്‍ ബോധിപ്പിക്കണമല്ലോ.
2020ല്‍ കോണ്‍ഗ്രസ് ആയി മത്സരിച്ച ഈ ആള്‍ വലിയ ഭൂരിപക്ഷത്തില്‍ തോല്‍ക്കുകയും വിമത സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്തു. അതായത് വിമതന് ഇയാളേക്കാള്‍ ജനപിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം. പിന്നീട് ഡിവൈഎഫഐ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോയ ആള്‍. പിന്നെ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയി എന്ന് വ്യക്തമാക്കിയാല്‍ നന്നാവും
2021 അവസാനം ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഇയാള്‍ എപ്പോഴാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നത് എന്നുള്ളത് കൂടി ശരിനും സൈബര്‍ വ്യക്തമാക്കുന്നത് നല്ലതാവും.







