പി എം ശ്രീ പദ്ധതിയിലെ സിപിഐ പ്രതിഷേധത്തിനിടെ നിർണായക മന്ത്രിസഭായോഗം ഇന്ന് ചേരും. വൈകീട്ട് 3.30നാണ് മന്ത്രിസഭായോഗം ചേരുക. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം. അനുനയനീക്കം സിപിഐഎം സജീവമാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരത്തിനകം സമവായം ഉണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ ആയിരിക്കും സിപിഐ നേതൃത്വവുമായി ചർച്ച നടത്തിയേക്കുക.
പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് യോജിപ്പില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങൾ വെച്ച് സമവായമുണ്ടാക്കാൻ ആണ് ശ്രമം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നേക്കും. സെക്രട്ടറിയേറ്റ് അംഗങ്ങളോട് തിരുവനന്തപുരത്ത് എത്താൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കുന്നതിനാൽ ജനപ്രിയ നടപടി സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കും.
വിവാദങ്ങൾക്കിടെ നിലപാട് ആവർത്തിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടയുടെ സ്ഥാപനവത്കരണമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയംവെക്കാനില്ലെന്നുമാണ് മുഖപത്രത്തിലെ വിമർശനം.
അതേസമയം, പിഎം ശ്രീയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടക്കും. പരീക്ഷകളെ ഇത് ബാധിച്ചേക്കില്ല.





