Headlines

മഹാരാഷ്ട്രയില്‍ ചിക്കന്‍ കറിക്കായി വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്നു

ചിക്കന്‍ കറിക്കായി വാശിപിടിച്ചതിന് മകനെ അമ്മ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഖറിലാണ് സംഭവം. ചപ്പാത്തി കോലുകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ഏഴു വയസ്സുള്ള ചിന്‍മയ് ഗുംഡെ ആണ് മരിച്ചത്. അമ്മ പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. പല്ലവി മകളേയും ആക്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ചികിത്സയില്‍ തുടരുകയാണ്.

തന്റെ സഹോദരനെ ചപ്പാത്തിപ്പലക കൊണ്ട് അമ്മ ക്രൂരമായി തല്ലുന്നത് കണ്ട് ഒരു പെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ടാണ് അയല്‍ക്കാര്‍ സംഭവം നടന്ന വീട്ടിലേക്ക് എത്തുന്നത്. അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചോരയില്‍ കുളിച്ചുകിടന്ന കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പക്ഷേ ആശുപത്രിയിലെത്തും മുന്‍പുതന്നെ ചിന്‍മയ്ക്ക് ജീവന്‍ നഷ്ടമായി.

മുന്‍പും പല്ലവി കുട്ടികളെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളും അയല്‍ക്കാരും പറയുന്നുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.