പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഒരു അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 57130 വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ഇല്ലെന്നാണ് കണക്ക്. ഈ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കില്ലെന്നും, 4090 അധ്യാപക സൃഷ്ടികള്‍ ഇല്ലാതാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. 24 വാര്‍ത്തയ്ക്ക് പിന്നാലെ വിഷയം വര്‍ക്കല എംഎല്‍എ വി ജോയി സബ്മിഷനായി സഭയില്‍ അവതരിപ്പിച്ചു. ഗുരുതര പ്രശ്‌നമാണെന്ന് സമ്മതിച്ച വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും അവകാശ സംരക്ഷിക്കുമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും യൂണിഫോം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിധിയെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ ജോലി നേടിയ അധ്യാപകരുടെ ജോലി അസ്ഥിരപ്പെടുന്ന പ്രശ്‌നം മോന്‍സ് ജോസഫ് എം എന്‍ എ ശ്രദ്ധ ക്ഷണിക്കലിലില്‍ സഭയില്‍ ഉന്നയിച്ചു. എന്നാല്‍ വിഷയം അവതരിപ്പിക്കുന്നതിനിടെ മന്ത്രിയ്ക്ക് സാമാന്യ ബോധം ഇല്ലെന്ന പരാമര്‍ശം തര്‍ക്കത്തിന് ഇടയാക്കി. എംഎല്‍എ ആവേശത്തില്‍ പറഞ്ഞതാകാമെന്നും പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാമെന്നും മന്ത്രി വി ശിവന്‍കുട്ടി നിലപാട് എടുത്തതോടെയാണ് തര്‍ക്കം അവസാനിച്ചത്.