കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റനായിട്ടില്ല. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്. 298 പേര്‍ ദുരന്തത്തില്‍ മരിച്ചുവെന്നതാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്തബാധിതർക്കായുള്ള സർക്കാർ നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിലെ മാതൃകാ വീട് നിർമ്മാണം അവസാനഘട്ടത്തിലാണ്.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നത്. 410 വീടുകളാണ് നിർമ്മിക്കേണ്ടത്. 5 സോണുകളിലായി നിർമ്മിക്കുന്ന വീടുകൾ. ആദ്യ സോണിൽ ഉൾപ്പെട്ട 140 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പ്രവൃത്തി പൂർത്തിയായി. 41 വീടുകൾക്കുള്ള സിമൻറ് കോൺക്രീറ്റ് 9 വീടുകൾക്കുള്ള അടിത്തറ നിർമ്മാണം എന്നിവ കഴിഞ്ഞു. 410 വീടുകളാണ് നിർമ്മിക്കുന്നത്. മാതൃക വീടിൻറെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി.
എൽസ്റ്റൺ എസ്റ്റേറ്റിൽ കെഎസ്ഇബി നിർമിക്കുന്ന 110 കെവി സബ്സ്റ്റേഷന്റെ ടെൻഡർ നടപടികളും ആരംഭിച്ചു. നിർമ്മാണ പ്രവർത്തികൾ ഇനിയും നീണ്ടുപോകരുത് എന്നാണ് ദുരന്തബാധിതർക്ക് പറയാനുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ഡിസംബറോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതും.