സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല. കോഴിക്കോട് നാലു പേർക്കും, മലപ്പുറത്ത് രണ്ടു പേർക്കുമാണ് ഷിഗെല്ല സ്ഥിരികരിച്ചത്. ഈമാസം 197 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാല് പേരെ കൂടി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. നിപ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു.
ഈ വർഷം ഇതുവരെ 273 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (69), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. രോഗബാധിതൻ്റെ കുടുംബാഗമായ ഒരാളും മൂന്നു പേർ ആരോഗ്യ പ്രവർത്തകരുമാണ് . കൂടാതെ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 25 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
ഇതോടെ ഉയർന്ന റിസ്ക് വിഭാഗത്തിൽനിന്ന് ക്വാറന്റൈൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം 11 ഉം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 59 ഉം ആയി. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 3 പേരും ഉൾപ്പെടെ 7 പേർ ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 27 പേർ നിരീക്ഷണത്തിലാണ്.








