പെട്രോൾ – ഡീസൽ വിൽപ്പന നിയന്ത്രണം നീക്കാൻ കേന്ദ്ര സർക്കാർ. അടുത്തമാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു.
പൊതുജനങ്ങൾക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. അതേസമയം വിലവർധനവ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ നിർദേശങ്ങളൊന്നും വന്നിട്ടില്ല.നേരത്തെ വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീക്കിയിരുന്നു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു. ദീർഘകാല പരിഹാരമായി പിഎൻജിയിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന നിർദേശവും കേന്ദ്രം ആവർത്തിച്ചിരുന്നു.









