വസീറിസ്ഥാന്‍ ഭീകരാക്രമണം: ഇന്ത്യക്കെതിരായ പാക് സൈന്യത്തിന്റെ ആരോപണം അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

വസീറിസ്ഥാന്‍ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. പാകിസ്താന്‍ സൈന്യത്തിന്റെ ആരോപണങ്ങള്‍ നിന്ദ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാക് സൈന്യത്തിന്റ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്ന് പ്രസ്താവനയില്‍ ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വടക്കന്‍ വസീറിസ്താനിലെ മിര്‍ അലി പ്രദേശത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ 13 പാക് സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നടത്തിയ ഭീകരവാദ വിരുദ്ധ 11 ഭീകരവാദികളെ വധിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. തുടര്‍ന്നാണ് ഈ ആക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താന്‍ രംഗത്ത് വന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് അന്തരാഷ്ട്രതലത്തില്‍ തന്നെ തുറന്ന് കാട്ടപ്പെട്ടതിന്റ ജാള്യത മറക്കാനാണ് പുതിയ ആരോപണത്തിലൂടെ പാകിസ്ഥാന്‍ ശ്രമിക്കുന്നത് എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റ വിലയിരുത്തല്‍.

വ്യാഴാഴ്ചയാണ് പാകിസ്താനിലെ ഖെബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുന്നത്. സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 13 സൈനികര്‍ കൊല്ലപ്പെടുകയും 19 പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.