Headlines

ദീദി Vs ദാദ പോരിന്റെ ക്ലൈമാക്‌സ് ഇന്ന്; ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ഭവാനിപൂരില്‍ നിന്ന് ജനവിധി തേടുകയാണ്. പ്രചാരണ കാലത്ത് കണ്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. (west Bengal votes in final phase today)

40,000 ബൂത്തുകളില്‍ 12,000 ബൂത്തുകള്‍ പ്രശ്‌ന ബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. എട്ടു ജില്ലകളില്‍ എന്‍ഐഎ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രശ്‌നക്കാരെന്ന് ചൂണ്ടിക്കാട്ടി 2500 ഓളം പേരെ കരുതല്‍ തടങ്കലില്‍ ആക്കി. തൃണമൂലിന്റെ രണ്ട് കൗണ്‍സിലര്‍മാര്‍ അടക്കം ഇതിലുണ്ട്.ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നതെങ്കിലും തിരഞ്ഞെടുപ്പിലെ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തുണ്ട്. ഏപ്രില്‍ 23നാണ് ബംഗാളിലെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയെന്ന് പേരുകേട്ട ദക്ഷിണ ബംഗാള്‍ പ്രദേശത്താണ് ഇന്ന് പ്രധാനമായും വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണ ബംഗാളിലെ ആകെ 77 സീറ്റുകളില്‍ 18 സീറ്റുകള്‍ മാത്രമേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഈ മേഖലയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുടര്‍ഭരണത്തിന് വഴിവച്ചിരുന്നത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള താരപ്രചാരകളെ ഉള്‍പ്പെടെ ഇറക്കി ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ദിദീയുടെ കോട്ട ഇളക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബംഗാള്‍ തൃണമൂലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പ്രതീക്ഷയാണ് ഭരണപക്ഷത്തിനുള്ളത്. ബംഗാളും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് അറിയാം. ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.