Headlines

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ. CSDS നേതാവ് അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിൽ ആയത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് അയച്ചു.

തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പോയ കാന്‍സര്‍ രോഗിയെ ഇന്നലെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പത്ത് ദിവസം മുമ്പ് പ്രഖ്യാപിച്ച ഹര്‍ത്താലാണെന്നും ആശുപത്രിയില്‍ നേരത്തെ പോകണമായിരുന്നെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു.

ഹര്‍ത്താല്‍ പൊളിക്കാനാണോ നീ വന്നത് എന്നും രോഗിയോട് അവര്‍ ആക്രോശിച്ചു. എന്നാല്‍ രോഗത്തിന് ഹര്‍ത്താല്‍ വല്ലതും ഉണ്ടോ? അസുഖം മൂര്‍ച്ഛിച്ചാല്‍ ആശുപത്രില്‍ പോകണ്ടേ. ഒരു രോഗിയോട് ഈ തരത്തില്‍ പെരുമാറരുത് എന്നു ബന്ധുക്കളും പ്രതികരിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കി ഇരുകൂട്ടരെയും സ്ഥലത്ത് നിന്നു മാറ്റിയത്.