ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് ട്വന്റിഫോറിന് ലഭിച്ചു. അറസ്റ്റിലായി അൻപത് ദിവസത്തിനകമാണ് കൊല്ലം വിജിലൻസ് കോടതി ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ ഒരു തെളിവും SIT ക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം മഹസറിൽ ഒപ്പ് വെച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ല.
മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ ഇല്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്വ. അനിൽ പ്രസാദിന്റെ വക്കാലത്ത് മുഖേനയാണ് ശ്രീകുമാറിന് ജാമ്യം. ഇയാൾ ഉടൻ തന്നെ ജയിൽ മോചിതനാകും.
അതേസമയം, സ്വർണ്ണക്കൊള്ളയിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് ഇ ഡി കടന്നിരിക്കുകയാണ്. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു.









