Headlines

തിരുത്തല്‍ നടപടി; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഐഎം

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഐഎം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത്, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും പ്രക്ഷോഭം. തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികള്‍ നിശ്ചയിച്ചത്. പ്രക്ഷോഭത്തിന് മുന്നണിയുടെ പിന്തുണ വാങ്ങുന്നതിന് വേണ്ടിയാണ് നാളെ എല്‍ഡിഎഫ് യോഗം വിളിച്ചത്. സമരവേദി എവിടെയെന്നും യോഗം വിലയിരുത്തും.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഐഎം സംസ്ഥാന സമിതി യോഗം നാളെ ചേരും. അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായുള്ള വിശദമായ ചര്‍ച്ചകള്‍ രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ ഉണ്ടാകും. പ്രാദേശിക ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എതിരാളികള്‍ പ്രചാരണ ആയുധമാക്കി എന്നും സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. തിരുത്തല്‍ നടപടികള്‍ വേഗത്തില്‍ ആക്കാനും ശക്തമായ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കാനും സിപിഐഎം തീരുമാനിക്കും.