Headlines

‘യുപി മോഡൽ അല്ല കർണാടകയിൽ നടന്നത്’; ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നത്. കോൺഗ്രസെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നത്. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് പിണറായി വിജയൻ ചെയ്യേണ്ടത്. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ബെംഗളൂരു ബുൾഡോസർ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് എഐസിസി ആശങ്ക അറിയിച്ചതായി കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇക്കാര്യം സംസാരിച്ചു.

കൂടുതൽ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും അനുകമ്പയോടെയും നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു എന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. പരാതികൾ പരിഹരിക്കുന്നതിന് ഉചിതമായ സംവിധാനവും ദുരിതബാധിതർക്ക് പുനരധിവാസവും ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തുവന്നു. കർണാടക ബുൾഡോസർ രാജ് വിഷയത്തിലാണ് രൂക്ഷ വിമർശനം. ഒഴിപ്പിക്കലിനെ പിണറായി വിജയൻ രാഷ്ട്രീയമായി കണ്ടു. ബുൾഡോസർ രാജും നിയമപരമായ ഒഴിപ്പിക്കലും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിജസ്ഥിതി മനസിലാക്കാതെയാണ് പിണറായി വിജയന്റെ പ്രതികരണം. അനധികൃതമായി കുടിയേറിയവരെയാണ് ഒഴിപ്പിച്ചതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

ഇതിനിടെ കേരള മുഖ്യമന്ത്രി കര്‍ണാടകയുടെ കാര്യങ്ങളില്‍ തലയിടേണ്ടെന്നും അര്‍ഹതപെട്ടവര്‍ക്കെല്ലാം വീടുനല്‍കുമെന്നും ഡി.കെ. ശിവകുമാര്‍ പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനോടു പ്രതികരിച്ചു.
യലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കി. മാലിന്യസംസ്കരണത്തിനായി നീക്കിവച്ച പാറക്വാറി കയ്യേറിയതാണന്നായിരുന്നു വാദം.